
മീററ്റ്: ഭർത്താവിന്റെ മരണം സ്വാഭാവികമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുശേഷം ഒളിപ്പിച്ചുവച്ച മൊബൈൽ ഫോൺ കണ്ടെത്തിയതോടെ കഥ മാറി. ഉത്തർപ്രദേശിലെ മീററ്റിൽ 30കാരനായ താലിബിന്റെ മരണമാണ് ഭാര്യയും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ലോഹിയാനഗറിലായിരുന്നു സംഭവം. നാലു വർഷം മുൻപ് വിവാഹിതരായ താലിബിനും ഇൽമയ്ക്കും മൂന്ന് വയസ്സുള്ള മകളുണ്ട്. ബ്യൂട്ടീഷനായ ഇൽമയുടെ കാമുകൻ അമനുമായുള്ള ബന്ധത്തെച്ചൊല്ലി താലിബ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.
സെപ്റ്റംബർ 28ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ താലിബിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നും തുടർന്ന് മരിച്ചെന്നുമാണ് ഇൽമ ബന്ധുക്കളോട് പറഞ്ഞത്. ഹൃദയാഘാതമാണെന്ന് കരുതി കുടുംബം മൃതദേഹം സംസ്കരിച്ചു.
എന്നാൽ മരണത്തിൽ പിന്നീട് ബന്ധുക്കൾക്ക് സംശയം തോന്നി. ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ് ഇൽമയുടെ വീട്ടിലെത്തിയപ്പോഴാണ് കേസിൽ വഴിത്തിരിവുണ്ടായത്. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന താലിബിന്റെ മൊബൈൽ ഫോൺ റയീസ് കണ്ടെത്തി.
ഫോൺ പരിശോധിച്ചതോടെ താലിബും അമനും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തുവന്നു. ഇൽമയുമായി അമൻ ബന്ധപ്പെടുന്നതിനെ താലിബ് എതിർത്തിരുന്നതായും ചാറ്റുകളിൽ നിന്ന് വ്യക്തമായി. ഇതോടെ ഇൽമയെ ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നതായാണ് പൊലീസ് പറയുന്നത്.
തന്നെ താലിബ് നിരന്തരം മർദിച്ചിരുന്നുവെന്നാണ് ഇൽമ പൊലീസിന് നൽകിയ മൊഴി. സെപ്റ്റംബർ 28ന് വീണ്ടും മർദിച്ചതിനു പിന്നാലെ ഇൽമ അമനെ വിളിച്ചു. അമൻ ഒരു സുഹൃത്തിനൊപ്പമെത്തി. തുടർന്ന് ഇരുവരും ചേർന്ന് താലിബിനെ മർദിക്കുകയും അമൻ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊലപാതകത്തിനു ശേഷം ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു.
സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകിയതായി കോട്‌വാലി സർക്കിൾ ഓഫിസർ സംഗ്രാം സിങ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.











